This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലി സഹോദരന്‍മാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലി സഹോദരന്‍മാര്‍

20-ാം ശ.-ത്തിന്റെ ആദ്യത്തെ മൂന്നു ദശവര്‍ഷക്കാലം ഇന്ത്യയില്‍ പ്രവര്‍ത്തിച്ച മുസ്ലിം ദേശീയനേതാക്കന്മാരായ ഷൗക്കത്ത്അലിയും മുഹമ്മദ്അലിയും. ഇവര്‍ അലിസഹോദരന്മാര്‍ എന്ന് പൊതുവേ അറിയപ്പെടുന്നു. ഇവര്‍ വിദ്യാഭ്യാസ-മതരംഗങ്ങളില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുകയും മഹാത്മാഗാന്ധിയുമൊത്ത് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുകയും ചെയ്തു.

ഉത്തരേന്ത്യയിലെ റാംപൂര്‍ സ്റ്റേറ്റില്‍ സംസ്കാരസമ്പന്നമായ കുടുംബത്തിലാണ് അലിസഹോദരന്മാര്‍ ജനിച്ചത്. പിതാവ് അബ്ദുല്‍അലിഖാന്‍ അന്നത്തെ റാംപൂര്‍ നവാബിന്റെ സേവകനായിരുന്നു. മാതാവ് ആബാദിബാനു സാഹിബ ബിഅമ്മ എന്ന പേരില്‍ വിഖ്യാതയായി. മുഗള്‍ചക്രവര്‍ത്തിമാരുടെ സവിചകുടുംബത്തില്‍പ്പെട്ടവരും സംസ്കാരസമ്പന്നയുമായിരുന്നു സാഹിബ. 27-ാം വയസ്സില്‍ വിധവയായിത്തീര്‍ന്ന അവര്‍ പുത്രന്‍മാര്‍ക്ക് വേണ്ടത്ര വിദ്യാഭ്യാസം നല്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. ഇവര്‍ ആദ്യകാലഘട്ടങ്ങളില്‍ പുത്രന്മാരുമായി പൊതുപ്രവര്‍ത്തനരംഗത്ത് സഹകരിച്ചു പ്രവര്‍ത്തിക്കുകയും പല പ്രദേശങ്ങളും സന്ദര്‍ശിച്ച് സ്വാതന്ത്ര്യസമരത്തിനു ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തു.

ഷൗക്കത്ത് അലി. ഷൗക്കത്ത് അലി അരോഗ ദൃഢഗാത്രനും ആജാനുബാഹുവുമായിരുന്നു. ക്രിക്കറ്റുകളിയിലും ഷൗക്കത്ത് അലി സമര്‍ഥനായിരുന്നു. റാംപൂര്‍, ബറേലി എന്നിവിടങ്ങളിലെ സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഇദ്ദേഹം അനുജന്‍ മുഹമ്മദ്അലിയോടുകൂടി അലിഗഡില്‍ എത്തി. ഷൗക്കത്ത്അലി കോളജിലും മുഹമ്മദ്അലി ഹൈസ്കൂളിലും ചേര്‍ന്നുപഠിക്കുവാന്‍ തുടങ്ങി. ഷൗക്കത്ത്അലി കോളജ് ക്രിക്കറ്റുടീമിന്റെ ക്യാപ്റ്റനെന്ന നിലയ്ക്കും കോളജ് യൂണിയന്‍ സെക്രട്ടറി എന്ന നിലയ്ക്കും പ്രസിദ്ധനായി. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഷൗക്കത്ത്അലി ഒരു ഉയര്‍ന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായി. 17 വര്‍ഷക്കാലം സര്‍ക്കാര്‍ ജോലിനോക്കിയശേഷം ഉദ്യോഗത്തില്‍ നിന്നു വിരമിച്ച് രാഷ്ട്രീയ-സാമുദായിക-വിദ്യാഭ്യാസ-മതപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. അക്കാലത്ത് ഇദ്ദേഹം കഅ്ബാസേവാസംഘം സ്ഥാപിച്ചു. ഒന്നാം ലോകയുദ്ധകാലത്ത് അലി സഹോദരന്മാരുടെ പ്രവര്‍ത്തനം ബ്രിട്ടീഷുകാര്‍ക്ക് അനുകൂലമല്ലെന്നുകണ്ട് ഇന്ത്യാഗവണ്‍മെന്റ് ഷൗക്കത്ത്അലിയെ ഇദ്ദേഹത്തിന്റെ അനുജനോടൊപ്പം വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചു. 1919-ല്‍ ജയില്‍മോചിതരായ ഇവര്‍ ഗാന്ധിജിയുമായി സഹകരിച്ചു രാഷ്ട്രീയപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. മുഹമ്മദ്അലിയുടെ ദേഹവിയോഗത്തിനുശേഷം ഷൗക്കത്ത്അലി കുറേക്കാലം കൂടി പൊതുപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി കഴിഞ്ഞുകൂടി.

മൗലാന മുഹമ്മദ് അലി (1878-1931). ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനിയും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന മുഹമ്മദ് അലി 1878 ഡി. 28-ന് റാംപൂരില്‍ ജനിച്ചു. വിദ്യാഭ്യാസവിഷയത്തില്‍ മുഹമ്മദ്അലി വളരെ സമര്‍ഥനായിരുന്നു. സാഹിത്യസമ്മേളനങ്ങളിലും കളിസ്ഥലങ്ങളിലും ചുരുങ്ങിയനാളുകള്‍ക്കുള്ളില്‍ ഇദ്ദേഹം പ്രമാണിയായിത്തീര്‍ന്നു. മുഹമ്മദ്അലി ഷൗക്കത്ത്അലിയെപ്പോലെ ക്രിക്കറ്റ് കളിയില്‍ ഉത്സാഹം പ്രകടിപ്പിച്ചുകൊണ്ടിരുന്നു. പ്രസംഗിക്കുന്നതിലും പ്രബന്ധങ്ങള്‍ രചിക്കുന്നതിലും മുഹമ്മദ്അലിക്കു സാമര്‍ഥ്യമുണ്ടായിരുന്നു.

1896-ല്‍ അലഹാബാദ് സര്‍വകലാശാലയില്‍ നിന്നും ബി.എ. പരീക്ഷയില്‍ ഒന്നാമനായിട്ടാണ് മുഹമ്മദ് അലി പാസായത്. റാംപൂരിലെ പ്രധാനമന്ത്രി ഇദ്ദേഹത്തെ ഐ.സി.എസ്സിനു ചേരാന്‍ ഇംഗ്ലണ്ടിലേക്കയച്ചു. ഓക്സ്ഫഡിലെ ലിങ്കണ്‍ കോളജില്‍ പഠനംനടത്തിയ കാലത്ത് മുഹമ്മദ്അലി 'ഓക്സ്ഫഡ് സൊസൈറ്റി'യുടെ കാര്യദര്‍ശിയായി. ഓക്സ്ഫഡില്‍ നിന്നും അദ്ദേഹം ആധുനികചരിത്രത്തില്‍ ഓണേഴ്സ് ബിരുദം സമ്പാദിച്ചു. എന്നാല്‍ ഐ.സി.എസ്. പരീക്ഷയില്‍ ഇദ്ദേഹം വിജയിച്ചില്ല. 1902-ല്‍ മുഹമ്മദ് അലി ഇന്ത്യയിലേക്കു മടങ്ങി. ഏതാനുംചില മാസങ്ങള്‍ മുഹമ്മദ് അലി റാംപൂര്‍ സ്റ്റേറ്റിലെ വിദ്യാഭ്യാസവകുപ്പിന്റെ അധ്യക്ഷനായി സേവനം അനുഷ്ഠിച്ചു. വിവാഹാനന്തരം ഇദ്ദേഹം വീണ്ടും ഇംഗ്ലണ്ടിലെത്തി. ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം ബറോഡയില്‍ പല ഉദ്യോഗങ്ങള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഉദ്യോഗം സ്വീകരിക്കുന്നതിനുമുന്‍പ് അലഹാബാദില്‍ നിന്നു പുറപ്പെടുന്ന ഒരു വിനോദമാസികയിലും ദ് ടൈംസ് ഒഫ് ഇന്‍ഡ്യയിലും ഇദ്ദേഹം ലേഖനങ്ങള്‍ എഴുതിക്കൊണ്ടിരുന്നു. ബറോഡ സര്‍വീസിലിരിക്കുമ്പോഴായിരുന്നു തോട്ട്സ് ഓണ്‍ ദ് പ്രെസന്റ് ഡിസ്കണ്ടന്റ് എന്ന ലേഖനപരമ്പര ദ് ടൈംസ് ഒഫ് ഇന്‍ഡ്യയില്‍ പ്രസിദ്ധപ്പെടുത്തിയത്. മുഹമ്മദ് അലിയുടെ ലേഖനങ്ങള്‍ ബ്രിട്ടീഷ്ഭരണാധികാരികള്‍ക്ക് അരോചകമായി തോന്നി. ഏറെത്താമസിയാതെ ഇദ്ദേഹം ഉദ്യോഗം രാജിവച്ച് കോമ്രെയ്ഡ് പത്രം പ്രസിദ്ധീകരിക്കുവാന്‍ നിശ്ചയിച്ചു. ഏതാണ്ടിക്കാലത്താണ് സെന്‍ട്രല്‍ ഇന്ത്യയിലെ പൊളിറ്റിക്കല്‍ ഏജന്റായിരുന്ന സര്‍ മൈക്കേല്‍ ഒ ഡയര്‍ മുഹമ്മദ് അലിയെ സന്ദര്‍ശിച്ച്, ജൗറനവാബിന്റെ മന്ത്രി ഉദ്യോഗം സ്വീകരിക്കാനുള്ള നിര്‍ദേശമടക്കം ആകര്‍ഷകങ്ങളായ പല ഉദ്യോഗവാഗ്ദാനങ്ങളും നടത്തിയത്. എങ്കിലും ഇദ്ദേഹം അവയെല്ലാം തിരസ്കരിച്ചു. ദ് ടൈംസ് ഒഫ് ഇന്‍ഡ്യ, സ്പെക്ടേറ്റര്‍, ദ് ഹിന്ദുസ്ഥാന്‍ റിവ്യു എന്നീ പത്രങ്ങളില്‍ മുഹമ്മദ് അലി ലേഖനങ്ങള്‍ എഴുതിക്കൊണ്ടിരുന്നു. മിന്റോ-മോര്‍ലി ഭരണപരിഷ്കാരങ്ങളെ (1909) വിമര്‍ശിച്ചുകൊണ്ടു മുഹമ്മദ് അലി എഴുതിയ ചില ലേഖനങ്ങളെത്തുടര്‍ന്ന് ഗോപാലകൃഷ്ണഗോഖലെയും മുഹമ്മദ് അലിയും തമ്മില്‍ ഒരു വിവാദം തന്നെ നടക്കുകയുണ്ടായി.

കൊല്‍ക്കത്ത ആസ്ഥാനമാക്കിയാണ് പ്രതിവാരപത്രമായ കോമ്രെയ്ഡ്, 1911 ജനു. 11-ന് ഇദ്ദേഹം ആരംഭിച്ചത്. ഈ പത്രത്തിന് ഇന്ത്യയിലും തുര്‍ക്കി, ഈജിപ്ത്, സിറിയ ഉള്‍പ്പെടെയുള്ള ഏതാനും വിദേശരാജ്യങ്ങളിലും പ്രചാരമുണ്ടായിരുന്നു. 'ധീരന്‍മാര്‍മാത്രം ജീവിക്കുന്നു' എന്നായിരുന്നു ഈ പത്രത്തിന്റെ മുദ്രാവാക്യം. കോമ്രെയ്ഡ് വിദ്യാഭ്യാസകാര്യങ്ങളിലും ശ്രദ്ധ പതിപ്പിച്ചിരുന്നു. ജാതിയുടെയും മതത്തിന്റെയും പേരില്‍ വര്‍ധിച്ചുവന്നിരുന്ന വിവാദങ്ങളെയും അപകടങ്ങളെയും സംബന്ധിച്ചു സ്വീകാര്യമായ പല അഭിപ്രായങ്ങളും പത്രം പുറപ്പെടുവിച്ചുകൊണ്ടിരുന്നു. പാശ്ചാത്യരും പൗരസ്ത്യരുംതമ്മില്‍ യോജിക്കുവാനുള്ള മാര്‍ഗങ്ങള്‍ ഈ പത്രം ചൂണ്ടിക്കാട്ടി. ഹിന്ദു-മുസ്ലിം മൈത്രി ദൃഢമാക്കുന്നതിനു തീവ്രയത്നം നടത്താനും സ്വാതന്ത്ര്യ സമ്പാദനത്തിനായി രംഗത്തിറങ്ങാനും പത്രം ആഹ്വാനം ചെയ്തു. മുസ്ലിം സമുദായത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ശബ്ദമുയര്‍ത്താനും ഈ പത്രം നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. ഇന്ത്യയുടെ തലസ്ഥാനം ഡല്‍ഹിയിലേക്കു മാറ്റപ്പെട്ടതിനെത്തുടര്‍ന്ന് (1912) കോമ്രെയ്ഡിന്റെ ആസ്ഥാനവും അങ്ങോട്ടുമാറ്റി.

ഡല്‍ഹിയില്‍. ഡല്‍ഹിയില്‍ എത്തിയതിനുശേഷം ഒരു മാസക്കാലം നീണ്ടുനിന്ന അവിടത്തെ കശാപ്പുകാരുടെ സമരം മുഹമ്മദ് അലി ഇടപെട്ടു രമ്യമായി അവസാനിപ്പിച്ചു. മുഹമ്മദ് അലിയുടെ സേവനത്തെ ഡല്‍ഹി നഗരസഭയും പൊതുജനങ്ങളും അഭിനന്ദിച്ചു.

1906-ല്‍ മുസ്ലിംലീഗ് രൂപവത്കരിക്കുന്നതിനുവേണ്ടി മുഹമ്മദ്അലി മുന്‍കൈയെടുത്തു. മുസ്ലിങ്ങളുടെ രാജ്യസ്നേഹം നിലനിര്‍ത്തുകയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുക എന്നതായിരുന്നു മുസ്ലിംലീഗിന്റെ ലക്ഷ്യം. ഈ ലക്ഷ്യപ്രാപ്തിക്കുവേണ്ടി അന്യസമുദായങ്ങളോടുള്ള മൈത്രിബന്ധം ഉറപ്പിക്കുന്നതിനുള്ള നീക്കങ്ങളും ആരംഭിച്ചു. 'സ്വരാജ്' ആണ് ഇന്ത്യന്‍ മുസ്ലിങ്ങളുടെ രാഷ്ട്രീയ ലക്ഷ്യമെന്ന് പ്രഖ്യാപനംചെയ്യുന്ന പ്രമേയം 1912-ല്‍ ലീഗ് പാസാക്കി. അലിഗഡ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനഫലമായുണ്ടായ ദേശീയബോധത്തിന്റെ ശരിയായ പ്രകടനമായിരുന്നു ഈ സംഭവം. മുസ്ലിംലീഗ് എന്നൊരു പ്രത്യേക സംഘടന ആവശ്യമില്ലെന്നു ചില നേതാക്കള്‍ വാദിച്ചെങ്കിലും മുഹമ്മദ്അലി മുസ്ലിംലീഗില്‍ ഉറച്ചുനിന്നു.

ദേശീയരംഗത്ത്. 1914-ല്‍ തുര്‍ക്കി ബ്രിട്ടനെതിരായി യുദ്ധം പ്രഖ്യാപിച്ചു. മുഹമ്മദ്അലി തന്റെ ഇംഗ്ളീഷ് ഉര്‍ദുപത്രങ്ങളിലൂടെ തുര്‍ക്കിക്ക് അനുകൂലമായി ലേഖനങ്ങളെഴുതി. തത്ഫലമായി രണ്ടുപത്രങ്ങളുടെയും ജാമ്യത്തുക ഗവണ്‍മെന്റ് കണ്ടുകെട്ടുകയും ഏറെത്താമസിയാതെ (1915) അലിസഹോദരന്മാരെ തടവിലാക്കുകയും ചെയ്തു. നാലു കൊല്ലക്കാലം അവര്‍ ബന്ധനസ്ഥരായിരുന്നു. 1919 ഡി.-ല്‍ അലിസഹോദരന്മാരെ വിട്ടയക്കുന്നതിനുള്ള കല്പന ഗവണ്‍മെന്റ് പുറപ്പെടുവിച്ചു. ഇതോടെയാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഹിന്ദു-മുസ്ലിം രാഷ്ട്രീയ സൗഹാര്‍ദത്തിന്റെ സുവര്‍ണഘട്ടം ആരംഭിച്ചത്. അലി സഹോദരന്മാരുടെ ശ്രമഫലമായി ഈ സൗഹൃദം ഏതാണ്ടൊരു മൂന്നു കൊല്ലക്കാലം നീണ്ടുനിന്നു. ജയിലില്‍നിന്നും മോചിതരാകുന്നയവസരത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെയും മുസ്ലിം ലീഗിന്റെയും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും ജമാഅത്തുല്‍ ഉലമയുടെയും സമ്മേളനം നടക്കാന്‍ പോകുകയായിരുന്നു. ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് അലി സഹോദരന്മാര്‍ അമൃതസരസിലേക്കു യാത്ര തിരിച്ചു. അവരുടെ പരിശ്രമഫലമായി അമൃതസരസില്‍നടന്ന പ്രസ്തുത നാലു സമ്മേളനങ്ങളും ഇന്ത്യയുടെ സ്വാതന്ത്ര്യസമ്പാദനത്തിനുവേണ്ടി എല്ലാവരും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്നു തീരുമാനിക്കുകയാണുണ്ടായത്.

ഖിലാഫത്ത്. ഖിലാഫത്ത് പ്രശ്നം സംബന്ധിച്ച് യൂറോപ്യന്‍രാജ്യങ്ങളില്‍ പ്രചാരവേലയ്ക്കായി ഒരു പ്രതിനിധിസംഘത്തെ അയയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ഖിലാഫത്ത് പ്രതിനിധിസംഘത്തിന്റെ നേതൃത്വം വഹിച്ചുകൊണ്ട് മുഹമ്മദ്അലി ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഈ അവസരത്തില്‍ ഇദ്ദേഹം റോമില്‍വച്ചു മാര്‍പാപ്പയെ സന്ദര്‍ശിച്ചു. മുഹമ്മദ്അലി ഇന്ത്യയിലേക്കു മടങ്ങിയെത്തുന്നതിനുമുന്‍പുതന്നെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചുകഴിഞ്ഞിരുന്നു. മുഹമ്മദ്അലിയുടെ ഉപദേശമനുസരിച്ച് അലിഗഡ് കോളജിലെ വിദ്യാര്‍ഥികള്‍ കോളജ് വിട്ട് സമരരംഗത്തിറങ്ങി. അവര്‍ക്കുവേണ്ടി ഒരു സ്വതന്ത്രകലാശാല സ്ഥാപിക്കുവാന്‍ മുസ്ലിംനേതാക്കള്‍ തീരുമാനിച്ചു; അതിന്റെ ആദ്യത്തെ പ്രിന്‍സിപ്പല്‍ മുഹമ്മദ്അലി ആയിരുന്നു. ഈ സര്‍വകലാശാലയാണ് ഡല്‍ഹിക്കടുത്തുള്ള 'ജാമിയാമില്ലിയ ഇസ്ലാമിയ' ആയി വികസിച്ചത്. ഗാന്ധിജിയും അലിസഹോദരന്മാരും ഖിലാഫത്ത് പ്രസ്ഥാനവുമായി സഹകരിച്ച് ഇന്ത്യ മുഴുവനും ചുറ്റിസഞ്ചരിച്ചു. 1921-ല്‍ കറാച്ചിയില്‍വച്ചു നടന്ന ഖിലാഫത്ത് സമ്മേളനത്തിലും അലിസഹോദരന്മാര്‍ പങ്കെടുത്തിരുന്നു; ഏറെത്താമസിയാതെ അലിസഹോദരന്മാരെ അറസ്റ്റ് ചെയ്യുവാനായി ഉത്തരവായി. ഗാന്ധിജിയും മുഹമ്മദ്അലിയും അദ്ദേഹത്തിന്റെ പത്നിയും ചെന്നൈയിലേക്കു വരുന്നയവസരത്തില്‍ വാള്‍ട്ടയറില്‍വച്ച് മുഹമ്മദ്അലി അറസ്റ്റു ചെയ്യപ്പെട്ടു. ഷൗക്കത്ത്അലിയെ മുംബൈയില്‍ വച്ചും അറസ്റ്റു ചെയ്തിരുന്നു. അലിസഹോദരന്മാരെ കറാച്ചിയില്‍കൊണ്ടുപോയി വിചാരണ ചെയ്തു; അവരെ രണ്ടു വര്‍ഷം വീതം കഠിനതടവിനു ശിക്ഷിച്ചു. 1923-ലാണ് അവര്‍ മോചിതരായത്. അതേ വര്‍ഷം സെപ്.-ല്‍ അബുല്‍കലാം ആസാദിന്റെ അധ്യക്ഷതയില്‍ കോണ്‍ഗ്രസിന്റെ ഒരു പ്രത്യേക സമ്മേളനം ഡല്‍ഹിയില്‍ ചേര്‍ന്നതില്‍ മുഹമ്മദ് അലിയും പങ്കെടുത്തു. കോകനദ കോണ്‍ഗ്രസില്‍ മുഹമ്മദ് അലി അധ്യക്ഷനായി. അവിടത്തന്നെചേര്‍ന്ന ഖിലാഫത്ത് സമ്മേളനത്തിലെ അധ്യക്ഷന്‍ ഷൗക്കത്ത്അലിയായിരുന്നു. നിയമസഭാപ്രവേശനത്തെ സംബന്ധിച്ച് ഗാന്ധിജിയും മുഹമ്മദ് അലിയും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായി. ഇതേ അവസരത്തില്‍ ഹിന്ദു-മുസ്ലിം വിദ്വേഷം ശക്തിപ്പെട്ടിരുന്നു. കോഹട്ടില്‍ നടന്ന ഹിന്ദുമുസ്ലിം ലഹളയെപ്പറ്റി അന്വേഷിക്കാന്‍ ഗാന്ധിജിയും ഷൗക്കത്ത്അലിയും ഉള്‍പ്പെട്ട ഒരു പ്രതിനിധിസംഘത്തെ കോണ്‍ഗ്രസ് നിയോഗിച്ചു. ലഹളയുടെ കാരണങ്ങളെപ്പറ്റി വ്യത്യസ്താഭിപ്രായങ്ങളാണ് ഗാന്ധിജിക്കും അലിസഹോദരന്മാര്‍ക്കും ഉണ്ടായിരുന്നത്. അതിനെത്തുടര്‍ന്ന് അലിസഹോദരന്മാരും ഗാന്ധിജിയും തമ്മിലുള്ള അഭിപ്രായഭിന്നത പരസ്യമായിത്തീര്‍ന്നു.

1927-ല്‍ സൈമണ്‍ കമ്മിഷനുമായി സഹകരിക്കുന്ന കാര്യത്തിലും 1928-ലെ മോത്തിലാല്‍ നെഹ്റു കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ ആസ്പദമാക്കി ഭരണഘടന രൂപപ്പെടുത്തുന്ന കാര്യത്തിലും അലിസഹോദരന്മാരും കോണ്‍ഗ്രസും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായി. മുസ്ലിങ്ങള്‍ക്കു പ്രത്യേക നിയോജകമണ്ഡലം വേണമെന്ന് അലിസഹോദരന്മാര്‍ ആവശ്യപ്പെട്ടു. ഹിന്ദു-മുസ്ലിം ഐക്യം പുനഃസ്ഥാപിക്കാനുള്ള അലി സഹോദരന്മാരുടെ ശ്രമങ്ങള്‍ പിന്നെയും തുടര്‍ന്നുകൊണ്ടിരുന്നു. 1928-ല്‍ മുഹമ്മദ് അലി ആരോഗ്യപരമായ കാരണങ്ങളാല്‍ ഇംഗ്ലണ്ട് സന്ദര്‍ശിച്ച്, ഇന്ത്യയിലേക്കു മടങ്ങി. ഉപ്പുസത്യാഗ്രഹം (1930) നടക്കുമ്പോഴും കോണ്‍ഗ്രസും മുസ്ലിംലീഗും തമ്മിലുള്ള അഭിപ്രായവ്യത്യാസം വളര്‍ന്നുകൊണ്ടേയിരുന്നു. ഏതാനും മുസ്ലിങ്ങള്‍ മുഹമ്മദ് അലിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സില്‍ നിന്നും മാറി നൂതനമായൊരു കര്‍മപദ്ധതി ആവിഷ്കരിച്ച് സാമുദായികൈക്യത്തിനുവേണ്ടി ഊര്‍ജിതമായി പരിശ്രമമാരംഭിച്ചു.

1930-ല്‍ ലണ്ടനില്‍വച്ചു നടന്ന വട്ടമേശസമ്മേളനത്തില്‍ അലി സഹോദരന്മാര്‍ പങ്കെടുത്തു. രോഗബാധിതനായിരുന്ന മുഹമ്മദ്അലി പ്രസ്തുത സമ്മേളനത്തിന്റെ പ്ലീനറിയോഗത്തില്‍ വച്ച് ഇപ്രകാരം പ്രസ്താവിച്ചു. 'സ്വാതന്ത്ര്യത്തിന്റെ സാരാംശം കൊണ്ടുപോകാമെങ്കിലല്ലാതെ ഞാന്‍ എന്റെ രാജ്യത്തിലേക്കു മടങ്ങാന്‍ ഉദ്ദേശിക്കുന്നില്ല; ഇന്ത്യയ്ക്കു നിങ്ങള്‍ സ്വാതന്ത്ര്യം നല്കുന്നില്ലെങ്കില്‍ എനിക്കിവിടെ ഒരു ശവക്കുഴി നല്കേണ്ടിവരും'. 1931 ജനു. 4-ന് ഹൃദ്രോഗബാധയെത്തുടര്‍ന്ന് മൗലാന മുഹമ്മദ്അലി ലണ്ടനില്‍വച്ച് അന്തരിച്ചു. ഇദ്ദേഹത്തിന്റെ മൃതദേഹം ജെറൂസലെമിലെ ഉമറിന്റെ മസ്ജിദില്‍ ജനു. 23-ന് അടക്കം ചെയ്തു.

(പ്രൊഫ. സയ്യദ് മൊഹിയുദ്ദീന്‍ ഷാ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍